ഐ.വി (ഒരു ഇൻട്രെസ്റ്റിംഗ് വിസിറ്റ്)

     
   
     
       ഇതൊരു യാത്രാ വിവരണമല്ല, ഓർമ്മകളുടെ ഇരമ്പൽ ആണ്... ജീവിതത്തിൽ എക്കാലത്തേക്കുമായി കാത്തു വെക്കാനുള്ള ഒരുകൂട്ടം ഓർമ്മകൾ... എഴുതിത്തുടങ്ങുമ്പോൾ യാത്ര തീർന്നതിന്റെ സങ്കടവും കാഴ്ചകൾ കണ്ടു തീർത്തതിന്റെ സന്തോഷവും! ഒരു പക്ഷെ ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യമല്ലാതിരുന്ന കാഴ്ചകൾ കൂട്ടുകാർക്കൊപ്പം കണ്ടു തീർക്കുക, അതിനു പറ്റുക എന്നത് ഒരു 'കിടുക്കാച്ചി' ഫീലിങ്ങാണ്!
 കോളേജ് ടൂർ/ ഐവി എന്നത് എന്നെപ്പോലൊരു സാധാരണ എഞ്ചിനീയറിംഗ് സ്റ്റുഡന്റിന്റെ ഹരംകൊള്ളിക്കുന്ന ഐറ്റമാണ്. അതൊരു ഫൈനൽ ഇയർ കൂടിയാകുമ്പോൾ പറയേണ്ടല്ലോ... കൂട്ടുകാർക്കൊപ്പം ആവുന്നിടത്തോളം അടിച്ചുപൊളിക്കുക ആ ആഗ്രഹത്തിന്റെ തീവ്രതയാണ് ഞങ്ങടെ കുളു-മണാലി ട്രിപ്പിനെ നെഞ്ചോട് ചേർക്കാൻ എന്നെ പ്രേരിപ്പിച്ചത്
  ഫസ്റ്റ് ഡേ: പാലക്കാട് ജംഗ്ഷനിൽ നിന്നും 9 .45 ന് ട്രെയിൻ കയറുന്നു. ഞങ്ങടെയൊക്കെ ഭാഷയിൽ പറഞ്ഞാൽ ' Pwoli mood ' !ഒരു ബോഗി മൊത്തം ഞങ്ങൾ 'TERROR EC 'ക്കാരുടെ ആധിപത്യമായിരുന്നു. ഞാനന്ന് എക്സൈറ്റഡ് ആയിരുന്നു, വിവരിക്കാനാവാത്തവിധം...!
  അർഷാദിന്റെ പാട്ടുകച്ചേരി, അന്ധാക്ഷരി കൂട്ടങ്ങൾ ,കത്തിവെപ്പ് കൂട്ടങ്ങൾ ...അങ്ങനെ ട്രെയിൻ യാത്ര സൂപ്പർ ആയിരുന്നു ! രാത്രിയിൽ ഉറക്കം കെടുത്തി ബിസ്കറ്റ് ചോദിച്ചു വന്ന അനന്ദുവും സൗരവും, അതിനൊപ്പം കെ .ബി, അണ്ണൻ, വള്ളു, കാവ്യ, പൂജ, ശ്രുതി... പഴകുന്തോറും മധുരം കൂടുന്ന വീഞ്ഞുപോലെ ഓർമകളും... ഏറ്റവും കൂടുതൽ നേരം നമ്മളെ പിടിച്ചിരുത്തുക ഓർമ്മകളെ പറ്റിയുള്ള സംസാരമാണ് അതിങ്ങനെ പറയും തോറും പഴകുന്തോറും മധുരിച്ചു കൊണ്ടേയിരിക്കും പിന്നെയും യാത്ര ഊണും ഉറക്കവും ഒരുമിച്ച് ചപ്പാത്തി വെറുത്തുപോയ നിമിഷങ്ങൾ നേരമ്പോക്കായി പ്രായം പോലും മറന്നു കളിച്ച കളികൾ ട്രെയിൻ യാത്ര ഞങ്ങൾക്ക് നൽകിയ മറയില്ലാത്ത സൗഹൃദമായിരുന്നു രണ്ട് ദിവസത്തെ ഈ യാത്രയിലൂടെ പലരുടെയും അടുത്ത് മനസ്സു തുറന്ന് സംസാരിക്കാനും ഇടപഴകാനും പറ്റി. അങ്ങനെ കേരളം കഴിഞ്ഞു, തമിഴ്നാട് കഴിഞ്ഞു, ആന്ധ്ര കഴിഞ്ഞു, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പിന്നെ ഞങ്ങടെ ഡെസ്റ്റിനേഷൻ ഡെൽഹി .സത്യം പറഞ്ഞാ ,' Delhi is a highly polluted city !' പിന്നെ അവിടെ നിന്ന് ബസ്സിൽ അമൃതസർലേക്ക്. സ്റ്റെപ്പ് അറിയാതേം പാട്ട് അറിയാതേം ആടിത്തിമിർത്ത ബസ്‌യാത്ര... അവിടെയാണ് വെറൈറ്റി ഐറ്റംസ് നമുക്ക് കാണാൻ പറ്റുക !ഓരോ സൂപ്പർ നിമിഷങ്ങളിലും മനസ്സിൽ ഒരാളാണ്, അയ്യോ, ഇതാണല്ലോ ലാസ്റ്റ് ഐവി !
  അങ്ങനെ മുപ്പത്തിയൊന്നാം തീയതി രാവിലെ ഞങ്ങളുടെ ബസ്സ് ഹിമാല അമൃത്സറിൽ എത്തി .അങ്ങോട്ടു കടന്നപ്പോൾ ഏതോ ബോളിവുഡ് സിനിമയുടെ സൈറ്റിൽ എത്തിയ പ്രതീതി ആയിരുന്നു... എല്ലാം സുവർണ മയം !സായംസന്ധ്യയുടെ നിറമായിരുന്നു അവിടുത്തെ കെട്ടിടങ്ങൾക്ക് അധികവും. അതൊരു പ്ലാൻ ചെയ്തുണ്ടാക്കിയ സിറ്റി ആയിരുന്നു ,അതിന്റെ എല്ലാ ഭംഗിയും അതിനുണ്ടായിരുന്നു.ഞങ്ങളെ അങ്ങോട്ട് സ്വാഗതം ചെയ്തത് കൂട്ടമായി പറന്ന മാടപ്രാവുകൾ ആയിരുന്നു !ഞങ്ങളുടെ വട്ട് (ഇരട്ടപ്പേരാണ് !) ' തുജേ ദേഖാ തോ യേ ജാനാ സനം' പാടി അതങ്ങ് കൊഴുപ്പിച്ചു...
  അന്ന് ആദ്യം കണ്ടത് ചരിത്രമുറങ്ങുന്ന ജാലിയൻവാലാബാഗ് സ്മാരകം ആണ്. ഇന്ന് നമ്മളൊക്കെ ഇങ്ങനെ നാടു കാണാനും സന്തോഷിക്കാനും ഉള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലി കൊടുക്കേണ്ടി വന്ന ഒരു കൂട്ടം മനുഷ്യരുടെ സ്മാരകം .അവിടെനിന്നും പിന്നെ സുവർണക്ഷേത്രത്തിലേക്ക്. വെളുത്ത മാർബിളിൽ തീർത്ത അതിൻറെ പുറം ഭാഗം തന്നെ എത്രയോ മനോഹരം ആയിരുന്നു. ചെരിപ്പുകൾ ഒക്കെ അഴിച്ചു വെച്ച് നിലം തൊട്ടപ്പോൾ ഉള്ളിലേക്ക് അരിച്ചുകയറിയ സുഖമുള്ളൊരു തണുപ്പുണ്ട് .. !അതായിരുന്നു അവിടെ എത്തിയപ്പോൾ ഉള്ളിൽ തട്ടിയ ആദ്യത്തെ വികാരം... അവിടുത്തെ നിയമങ്ങൾ പാലിക്കുന്ന ബഹുമാനിക്കുന്ന ആർക്കും ഉള്ളിലേക്ക് പ്രവേശിക്കാം എന്നതാണ് ഈ ഗുരുദ്വാരയെഒരുപാട് ആകർഷണീയമാക്കുന്നത്. കൊത്തിവെച്ച മാർബിൾ കെട്ടിടങ്ങൾക്കു നടുവിൽ തീർത്ത വലിയൊരു കുളവും അതിന്റെ പടികളിൽ നീന്തിതുടിക്കുന്ന വലിയ അലങ്കാരമത്സ്യങ്ങളും മനോഹരമായ കാഴ്ചയാണ്. നല്ല തിരക്കുണ്ടായിരുന്നതിനാൽ സുവർണ ക്ഷേത്രത്തിന്റെ ഉള്ളിൽ കടക്കാതെ മടങ്ങേണ്ടിവന്നു. സ്വയം മറന്ന സേവനമായിരുന്നു അവിടുത്തെ ആൾക്കാരുടെ പ്രത്യേകത. തങ്ങളുടേതായ ലോകത്ത് മുഴുകി പ്രാർത്ഥിച്ചും ധ്യാനിച്ചുമിരിക്കുന്ന ഒരുപാടുപേർ! ബാക്ക്ഗ്രൗണ്ടിലെ പഞ്ചാബി സംഗീതവും ,ഈ കാഴ്ചകളും ,കാലിലൂടെ കേറി വരുന്ന ആ തണുപ്പും കൂടി വല്ലാത്ത ഫീലാ സൃഷ്ടിച്ചത് !'rabne banadi jodi 'യിലെ പാട്ടൊക്കെ പാടി ഞാൻ ഉള്ളിലൊന്നു റൊമാന്റിക്കായി...പിന്നെ കൂട്ടുകാരോടൊത്തുള്ള selfie, അത് നിർബന്ധമാണ് .അനന്ദുവും കാവ്യയും കൃഷ്ണയും കൂടെ സ്വാമിയും ശിഷ്യരുമായി ഇരുന്ന കാഴ്ച കിടിലമായിരുന്നു... അതുകണ്ട് ഞങ്ങളെല്ലാവരും ഒരുപാട് ചിരിച്ചു. അന്നത്തെ ഭക്ഷണം അവിടെ നിന്നു തന്നെയായിരുന്നു.ആയിരക്കണക്കിന് പേർക്കാണ് ദിവസവും അവിടെ നിന്ന് സൗജന്യമായി ഭക്ഷണം നൽകുന്നത്. നൽകുന്നതിൽ ഒരു തുള്ളിവെള്ളം പോലും കളയരുത് എന്നതാണ് രീതി. ചപ്പാത്തിയും പയറു കറിയും പിന്നെ നല്ല പാൽ പായസവും... നല്ല രുചിയായിരുന്നു. ചെയ്യുന്ന ജോലിയിൽ അവരെല്ലാവരും കാണിച്ചിരുന്ന ആത്മാർത്ഥത അവിടം കൂടുതൽ സുന്ദരമാക്കി .
    പിന്നീട് ഞങ്ങൾ വാഗാ ബോർഡറിലേക്ക് തിരിച്ചു. നിർമ്മല മിസ്സിന്റെ പരിചയത്തിലുള്ള ഇന്ത്യൻ വ്യോമസേനയിലെ ഉയർന്ന ഒരു ഉദ്യോഗസ്ഥന്റെ ഹോൾഡിൽ വിഐപി പൊസിഷനിൽ ആയിരുന്നു ഞങ്ങൾ അവിടം കണ്ടത് .സത്യം പറഞ്ഞാൽ ഞങ്ങൾ വിഐപികൾ ആണെന്നുള്ള നല്ല അഹങ്കാരം ഉള്ളിലുണ്ടായിരുന്നു. ബസ്സിൽനിന്നും അതും വിളിച്ചോതുകയാണ് അനന്ദുവും വിനയനും ഒക്കെ ഇറങ്ങിയത്... അങ്ങോട്ടേക്ക് കയറുമ്പോഴുള്ള പരിശോധനക്കിടയിലാണ് ഏറ്റവും വലിയ തമാശ ഉണ്ടായത് .ഞങ്ങൾ അണ്ണൻ എന്ന് വിളിക്കുന്ന സഖാവ് അഭിജിത്ത് പോക്കറ്റിൽ എന്തോ കനത്തിൽ സൂക്ഷിച്ചുവെച്ചത് പരിശോധകൻ കണ്ടുപിടിച്ചു.. എൻക്വയറി കഴിഞ്ഞപ്പോഴാണ് അത് ജാലിയൻവാലാബാഗിലെ മണ്ണാണെന്ന സത്യം ഞങ്ങളെല്ലാവരും അറിയുന്നത് ! എല്ലാവരും പിന്നെ അത് പറഞ്ഞു കളിയാക്കൽ ആയി .എന്നാലും ആ വിപ്ലവം തുടിക്കുന്ന മനസ്സുണ്ടല്ലോ സഖാവേ..!ഉള്ളിൽ കയറിയപ്പോൾ കാതിലലയടിച്ച പഞ്ചാബി ഡോലും ആരവങ്ങളും... ഇന്ത്യയും പാകിസ്ഥാനും ഒരു വേലിക്കപ്പുറത്തും ഇപ്പുറത്തും. ഇന്ത്യൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സും പാകിസ്ഥാൻ റേഞ്ചേഴ്സും സൂര്യാസ്തമയത്തിനു രണ്ടുമണിക്കൂർ മുന്നേ നടത്തുന്ന ഈ ഫ്ലാഗ് സെറിമണി മനസ്സിനു ഹരവും ദേശസ്നേഹവുമുണർത്തുന്ന കാഴ്ചയാണ്. അപ്പുറത്ത് നിന്നും പാക്കിസ്ഥാനു അവർ ജയ് വിളിക്കുമ്പോൾ ,ഇവിടെനിന്നും 'ഭാരത് മാതാ കീ ജയ് ', 'വന്ദേമാതരം' എന്ന് അലയടിക്കുകയായിരുന്നു! എല്ലാവരും ഫുൾ എനർജിയിൽ ആയിരുന്നു... രണ്ടു രാജ്യങ്ങളിലും പരസ്പരം ആർപ്പുവിളിച്ച് ആൾക്കാർ മത്സരിച്ചെങ്കിലും, ഇന്ത്യയുടെ ഫ്ലാഗ് അഴിച്ചെടുക്കാൻ സമയമെടുത്തപ്പോൾ പാക്കിസ്ഥാൻ പട്ടാളക്കാരൻ കാത്തുനിന്നത് മനസ്സിന് സന്തോഷം നൽകി.എന്തുപറഞ്ഞാലും ഒരമ്മ പെറ്റ മക്കൾ തന്നെയല്ലേ...ഒരുപാട് സെൽഫികൾ കഴിഞ്ഞ്, ഒരുപാട് ഓർമകളും രോമാഞ്ചവും ആയി വീണ്ടും ബസ്സിലോട്ട് ... ആ തിരക്കിനിടയിൽ സാധനം കയ്യിൽ ഉണ്ടോ എന്ന് ചോദിച്ചു സൗരവും അനന്ദുവും നടന്നത് എന്തിനെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല... ശ്രുതിയും അത് കേട്ട് ചോദിച്ച് നടന്നപ്പോൾ ഏതോ മലയാളി സാധനം കയ്യിലുണ്ടേ എന്ന് പറഞ്ഞപ്പോഴാണ് സംഗതി പിടി കിട്ടിയത്..എവിടെ പോയാലും അവിടെ ഒരു മലയാളി ഉണ്ടാവണമല്ലോ! അങ്ങനെയങ്ങനെ ഒന്നാം ദിവസം കഴിഞ്ഞു...
     ഇനിയൊരു രാത്രിയാത്ര ആണ്, ഹിമാചലിലെ കുളുവിലോട്ട്. ഡ്രീം ഡെസ്റ്റിനേഷൻ! അന്നത്തെ ആ യാത്രയിലാണ് ഒരു രസമുള്ള ഉറക്കം- ഉറക്കമില്ലായ്മ - അഡ്ജസ്റ്റ്മെന്റ്സ് -സംസാരം - വീണ്ടും ഉറക്കം... അങ്ങനെ പോയത്. വട്ടിനു ചർദ്ദിക്കാൻ വരുന്നുണ്ടായിരുന്നു. എൻറെയും ശ്രുതിയുടേയും സൈഡിൽ അവനിരുന്നു. പിന്നെ വയ്യാണ്ടായീന്ന് തോന്നിയപ്പോ സൈഡ് സീറ്റിൽ ഇരുത്തി. വട്ടിനാണേ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത പോലെ! പാവം തോന്നി. അവസാനം കഷ്ടപ്പെട്ട് മൂന്നാളും ഉറങ്ങാൻ ശ്രമിച്ചു. ഏറിവന്നാ നാൽപ്പതു കിലോ കഷ്ടി വരുന്ന ശ്രുതിയുടെ മോളിലോട്ട് ചാഞ്ഞ് ഞാനും വട്ടും. പാവം ശ്രുതി, പകുതിയും പുറത്തായിരുന്നു. എന്നാലും അതൊരു രസായിരുന്നു. ആ യാത്രയിൽ ഞങ്ങളെന്തോ വീണ്ടും കുട്ടികളായ പോലെ! ഭൂരിഭാഗം ആൺ പിള്ളേരും സ്ഥലമില്ലാതെ നിലത്താണു കിടന്നിരുന്നത്. വിനയനും ആൽബിയുമൊക്കെ .എല്ലാവരും ഒരുപാട് അഡ്ജസ്റ്റ് ചെയ്തിരുന്നു. ഏകദേശം ഒരു അഞ്ചരയൊക്കെ കഴിഞ്ഞപ്പോൾ ഫെഷ് - അപ്പിനായി ഒരു ഹോട്ടലിൽ നിർത്തി അപ്പോഴേക്കും നല്ല തണുപ്പായി. സ്വെറ്ററും പോക്കറ്റിന്റെ ഉള്ളിൽ കയ്യും ഇട്ട് ,നവംബർ 1 കേരള പിറവിക്ക് ഞങ്ങൾ കുളുവിലേക്കുള്ള ഇടത്താവളത്തിൽ എത്തി. ഒന്ന് ഫ്രഷ് ആയി വീണ്ടും ഫോട്ടോഷൂട്ട്. അന്നാണ് ടൂറിന്റെ ഗ്ലാമർ ഐറ്റമായ റിവർ റാഫ്റ്റിംഗ് !അങ്ങോട്ടുള്ള യാത്രയിലെ സൈഡ് സീനുകൾ സൂപ്പർ ആയിരുന്നു. ഒറ്റയടിപ്പാതയിലൂടെ പോകുന്ന ബസ്സ്, ഒരു ഭാഗത്ത് കൂറ്റൻ മലകൾ ,മറുഭാഗത്ത് ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ പതഞ്ഞൊഴുകുന്ന ബിയാസ് നദി. നീല കലർന്ന പച്ച നിറമായിരുന്നു ആ നദിക്ക്. തീരത്ത് ചാരനിറമുള്ള മണ്ണ്. കാലങ്ങളായി നദി കൊണ്ടു വന്നിട്ട ഉരുളൻ കല്ലുകൾ... കയറുന്തോറും പൊങ്ങിവരുന്ന മലനിരകൾ... അതിൽ എണ്ണ തീരാത്ത വിധം പച്ച നിറങ്ങൾ... പൊന്തകൾക്ക് ഒരു പച്ച ,പനകൾക്ക് വേറെ പച്ച... അങ്ങനെ ഓരോന്നിനും ഓരോ വിധം പച്ച !ഇതിനിടയ്ക്ക് ഒറ്റപ്പെട്ട് കാണുന്ന വീടുകൾ ,അങ്ങോട്ടേക്കുള്ള റോപ്പ് വേ കൾ...മനുഷ്യന്റെ അതിജീവന പാരമ്പര്യം അപാരം തന്നെ !
അങ്ങനെ പ്രകൃതിയെ ആസ്വദിച്ച് പൂജയുടെ അടുത്തിരിക്കുമ്പോഴാണ് ക്ലാസിലെ സംസാരപ്രിയനായ അതുൽ അങ്ങോട്ടേക്ക് വരുന്നത് .വിശേഷങ്ങൾ പറയുന്നതിന്റെ ഇടയിൽ എന്റെ അറിവില്ലായ്മകൊണ്ട് കാസർഗോഡ് ഭാഗങ്ങളിൽ 'ഷാ'യ്ക്ക് പകരം 'സ'യാണ് പറയുക എന്നു പറഞ്ഞുപോയി. പിന്നെ ഈ രണ്ടു തൃശൂർക്കാരും കൂടി തുടങ്ങീല്ലേ പൂരം! രവീ സൂഷിട്ടോ (ഷൂസിട്ടോ ), രവീ ഷുഖല്ലേ (സുഖമല്ലേ ), അയ്യോ ഷോറി സോറി ), അങ്ങനെ 'ഷ' യ്ക്ക് പകരം 'സ' യും 'സ' യ്ക്ക് പകരം 'ഷ ' യുമായി. അടുത്ത സ്പോട്ട്, അല്ല 'ഷ്പോട്ട്' എത്തുന്നത് വരെ ഇത് തുടർന്നു. കേട്ടവരെല്ലാം ചിരിച്ച് മറിഞ്ഞു. ഒക്കെ ഒരു രഷായിരുന്ന്..!
  അങ്ങനെ റിവർ റാഫ്റ്റിങ് !കാവ്യക്കു നല്ല പേടിയുണ്ടായിരുന്നു. പറഞ്ഞ് കുറച്ച് ധൈര്യമൊക്കെ വരുത്തിച്ച് ഞാനും കാവ്യയും കിർണയും പൂജയുമൊക്കെ ബോട്ടിൽ കയറി.ഒപ്പം ആൽബിയും വിനയനും ശരത് സാറും. വെള്ളത്തിന്റെ ഒരു തണുപ്പേ ...! ഹോ ... മരവിക്കുന്ന പോലെ! നിർദ്ദേശങ്ങളൊക്കെ തന്നിരുന്നു.' ഡൗൺ' ന്ന് പറയുമ്പോൾ താഴണം 'ഗെറ്റപ്പ്'ന്ന് പറയുമ്പോൾ പഴയ പൊസിഷനിൽ വരണം എന്നൊക്കെ ഞങ്ങളുടെ തൊട്ടുപിന്നിൽ ആയിരുന്നു ആകാശ്, ആനന്ദു, വള്ളു, വട്ട് ഒക്കെ... റാഫ്റ്റിംഗ് തുടങ്ങി... ആദ്യം പതുക്കെ അങ്ങ് ഒഴുകിപ്പോയി. പിന്നെ തുടങ്ങീല്ലേ കുതിച്ചു ചാടാൻ! 'ഡൗണ്'ന്ന് പറയുന്നു.. താഴേക്ക് ചാടുന്നു... വെള്ളം മൂക്കിലും വായേലുമൊക്കെ കേറുന്നു... തണുക്കുന്നു, വിറക്കുന്നു, 'ഗെറ്റ് അപ്പ് ' പറയുന്നു... എണീച്ചിരിക്കുന്നു... ഒരു മാതിരി 'ഓപ്പറേഷൻ കാർഗിൽ ' ഒക്കെ ചെയ്ത ഫീൽ...!റാഫ്റ്റിങ്ങ് വേറെ ലെവൽ ആയിരുന്നു. തണുത്താലും വിറച്ചാലും മരവിച്ചാലും കുതിച്ചൊഴുകുന്ന പുഴയും പാറക്കല്ലുകളും തരുന്ന സാഹസികത നിറഞ്ഞ ചൂടുണ്ടല്ലോ... അതു മാരകമാണ്! ഒരു 7 കിലോമീറ്റർ ഞങ്ങളൊക്കെ സാഹസികരായി.വാ തുറന്ന് എന്തേലും ഒച്ചത്തിൽ പറഞ്ഞാ ബോട്ടിലെ ഹിന്ദിക്കാരൻ ഭൈയ്യാ വെള്ളം തെറിപ്പിക്കും... എല്ലാം കൂടി ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു റാഫ്റ്റിങ്ങ്! അതു കഴിഞ്ഞു പിന്നെ മണാലിയിലോട്ട് യാത്ര... ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്! ഉച്ചയാവുമ്പോഴേക്കും മണാലി എത്തി. അവിടത്തെ വെയിലു കണ്ടപ്പോൾ 'ഈശ്വരാ മഞ്ഞു കാണാൻ പറ്റുമോ ' എന്ന് ശിവ പറഞ്ഞത് കോമഡിയായി. റൂമിലെത്തി ഭക്ഷണത്തിനു കാത്തിരുന്നു, കുറേനേരം... റൂമിലാണ് തണുപ്പ് കൂടുതൽ അറിഞ്ഞത്. അതുകൊണ്ട് 'എസി ഓഫാക്ക് കാവൂ' എന്ന് വിളിച്ചു പറഞ്ഞ എന്റെ മണ്ടത്തരം ശരിക്കൊന്നു സ്മരിച്ച് ചിരിക്കട്ടെ... ഭക്ഷണത്തിനുശേഷം ഒന്ന് മയങ്ങി, പിന്നെ ഷോപ്പിങ് ആണ് മണാലിയിൽ. പെൺപിള്ളേരും ആൺപിള്ളേരും ഒരു രക്ഷയുമില്ല മണാലിയിൽ! വൻ ലുക്ക് ആയിരുന്നു! ഷോപ്പിങ്ങിന് ഇറങ്ങിയിട്ട് എന്നത്തേയും പോലെ എന്തു വാങ്ങണമെന്ന കൺഫ്യൂഷനിലായിരുന്നു ഞാൻ. മണാലിയിൽ നിന്നും നയിൽ കട്ടർ വാങ്ങേണ്ടി വന്ന കാവ്യയെ ഇവിടെ എടുത്തു പറയട്ടെ! തൻറെ സ്പെഷൽ കൂട്ടുകാരിക്കുവേണ്ടി കടകൾതോറും എന്നെയുംകൂട്ടി തിരഞ്ഞുനടന്ന് ഗിഫ്റ്റ് വാങ്ങിയ പോച്ചെയെന്നു ഞങ്ങൾ വിളിക്കുന്ന മിഥുനെയും ഇവിടെ പ്രത്യേകം പരാമർശിക്കുന്നു. ഇതിന്റെയൊക്കെ ഇടയിൽ വഴിവക്കിലെ ഭക്ഷണത്തിൽ മാത്രം കോൺസൻട്രേറ്റ് ചെയ്തു നടന്ന എന്നെ കണ്ട് പാവം തോന്നി ചിക്കൻ ഗ്രേവി വാങ്ങിച്ചു തന്ന മിഥുന് ജയ് വിളിക്കട്ടെ... പിന്നീട് 'D J night ' ആയിരുന്നു. പാട്ടു തുടങ്ങി... സൗരവ് സ്റ്റെപ്പിട്ടു തുടങ്ങി. ടോണി 'ദി ഡാൻസ് മാസ്റ്റർ 'ഇറങ്ങി. മിഥുൻ ഇറങ്ങി... കിടിലൻ സ്റ്റെപ്സ്. കണ്ടിട്ട് കൈ എങ്ങട്ടാ, കാലെങ്ങട്ടാന്ന് കൂടി മനസ്സിലാവുന്നില്ലാ. പിന്നെ റോസ് സ്റ്റെപ്പിട്ട് തുടങ്ങിയപ്പോഴാണ് ഒരു റിലാക്സേഷൻ ഉണ്ടായത്. അപ്പോ പിന്നെ ഞങ്ങളും തുടങ്ങി. ഗ്രീഷ്മ , കാവ്യ, ശ്രുതി, കൃഷ്ണ പൂജ, അപർണ, (അഞ്ജലി) ^2, ജിഷ, മീര, ദീപ്തി...എല്ലാവരും തുള്ളാൻ തുടങ്ങി.ഒരു നാണോം ഇല്ലാണ്ട് എന്തൊക്കെയോ കളിച്ച് കൂട്ടി. ആടി തിമിർത്ത് തളർന്നു. ശിവ ഞങ്ങൾക്ക് വേണ്ടി സ്റ്റെപ്പ് സിംപിളാക്കി. വട്ട് ഷോക്കടിച്ച പോലെ ചാടുന്നുണ്ടായിരുന്നു. 'സാറ്റർഡേയിലു' തുടങ്ങി 'ന്റമ്മേടെ ജിമിക്കി കമ്മലി'ൽ പരിപാടി അവസാനിപ്പിച്ചു. ആ തണുപ്പിലും വിയർത്തുകുളിച്ച്, ഭക്ഷണമൊക്കെ കഴിച്ച് ,അന്നത്തെ രാത്രി സുഖമായി കിടന്നുറങ്ങി. രണ്ടാമത്തെ ദിവസവും പെട്ടെന്ന് കടന്നു പോയി...
    പിറ്റേന്ന് രാവിലെ റോഹ്താംഗ് പാസ്സിലോട്ടുള്ള യാത്ര. അതിന് ഞങ്ങളെ ഓരോ ഗ്രൂപ്പായി തിരിച്ചു. ഞാൻ, കാവ്യ,കൃഷ്ണ ,പൂജ പിന്നെ മിഥുൻ ,ശിവ ,അണ്ണൻ, വട്ട് ,അജയ് ഇത്രയുംപേർ അടങ്ങിയതായിരുന്നു ഞങ്ങളുടെ ഗ്രൂപ്പ് .ഒരു ടാറ്റ സുമോവിൽ വളഞ്ഞു തിരിഞ്ഞുള്ള യാത്ര... അതിനിടയിൽ ഹഡിംബ ടെമ്പിൾ കണ്ടു,പിന്നെ ഒരു നാച്ചുറൽ ഹോട്ട് വാട്ടർ സ്പോട്ടിൽ പോയി ,അവിടെ നിന്ന് സ്യൂട്ടൊക്കെ ഇട്ട് യാത്ര തുടർന്നു. എനിക്ക് കിട്ടിയ സ്യൂട്ട് കോമഡി ആയിരുന്നു, പിന്നെ പൂജയ്ക്ക് കിട്ടിയത് ആലോചിച്ചപ്പോൾ ഒരു റിലാക്സേഷൻ തോന്നി.മിഥുനൊക്കെ ഫിറ്റ് ആയിരുന്നു ഡ്രസ്സ്. അന്ന് ഞങ്ങൾ കുറച്ചുപേർ പാരാഗ്ലൈഡിങ്ങ്  ചെയ്യാമെന്ന് വിചാരിച്ചിരുന്നു.  പറഞ്ഞ സ്പോട്ടിൽ എത്തുകയും ചെയ്തു, പക്ഷേ ടീച്ചേഴ്സിനു ഞങ്ങളുടെ സുരക്ഷയിൽ വീഴ്ച വരുത്താൻ തോന്നിയില്ല .അതൊരു കുഞ്ഞു നഷ്ടബോധമായി .വീണ്ടും ചുരം കയറി... കയറി... കയറി... കയറി... മുകളിലോട്ട്! ഒറ്റയടിപ്പാതയെന്നു പറഞ്ഞാൽ ഇതാണ്! ചെറുതായൊന്നു  വളഞ്ഞാൽ ആലോചിക്കാനും കൂടി വയ്യ. കുറേ നേരത്തെ യാത്രയ്ക്ക് ശേഷം റോഹ്താംഗ് പാസ്സിലെത്തി. ഒന്നോരണ്ടോ മലകളും മാത്രം കണ്ടുശീലിച്ച ഞങ്ങൾക്കുമുന്നിൽ നിരന്നു കിടക്കുകയായിരുന്നു മാമലകൾ... വീശിയടിക്കുന്ന തണുത്ത കാറ്റ് ഞങ്ങളെയും കൊണ്ട് പറന്നു പോകുമോ എന്ന് തോന്നി .അവിടെ എത്തിയപ്പോൾ ശരത് സർ ആകെ ടെൻഷനിലായി. എല്ലാവരും ഒരുമിച്ച് മലകയറണം എന്ന് നിർബന്ധിച്ചു. മുന്നേ നടന്നു കയറിയവർ രക്ഷപ്പെട്ടു. ഞങ്ങൾ കുറച്ച് പാവങ്ങൾ പെട്ടൂന്ന് പറഞ്ഞാൽ മതിയല്ലോ...എല്ലാവരുടെയും സേഫ്റ്റി ആണ് സർ ഉദ്ദേശിച്ചതെങ്കിലും, ആ സമയത്ത് ദേഷ്യവും സങ്കടവും വന്നിട്ട് പാടില്ലായിരുന്നു .എന്നാലും മഞ്ഞുകണ്ടു, നല്ല തൂവെള്ള നിറത്തിൽ. എല്ലാവരുംകൂടി അതിലേക്ക് ഉരസി നീങ്ങി... എറിഞ്ഞു കളിച്ചു ...എന്ത് രസായിരുന്നു! പിന്നെ അനന്തുവിന്റെ ഒപ്പം ഞാനും കിർണേം കാവ്യയും കൂടി കയറി. കയറുന്തോറും കിതപ്പ് കൂടുകയായിരുന്നു. ചെവിയൊക്കെ അടയുന്ന പോലെ... ശ്വാസം കിട്ടുന്നില്ല ,മൂക്കീന്നൊക്കെ വെള്ളം വരുകയായിരുന്നു. കിർണയ്ക്ക് പിന്നെ വയ്യാണ്ടായി. അതോണ്ട് ഞാനും അനന്ദുവും മാത്രം കേറി തുടങ്ങി .കുറച്ചു കയറും... കിതക്കും... ഇരിക്കും, വീണ്ടും കയറും... നല്ലോണം കിതക്കും... അപ്പോ കിടക്കും... അപ്പോഴേക്കും റോസും വിനയനും ആൽബിയും സൗരവും ശിവയും ഒക്കെ  തിരിച്ചിറങ്ങിയിരുന്നു. സമയം വൈകി അതോണ്ട് കയറ്റം നിർത്തി ഞങ്ങളു മടങ്ങി. എവിടെപ്പോയാലും എന്തെങ്കിലുമൊക്കെ ബാക്കിവെക്കണല്ലോ....!തീരാത്ത നഷ്ടബോധവും ആയി എനിക്കു മലയിറങ്ങി വേണ്ടിവന്നു. ഇറങ്ങുമ്പോൾ തോന്നി.. ഛെ... വാശി പിടിച്ചാ മതിയായിരുന്നു...  എനിക്കിത്തിരി പിടിവാശിയുടെ കുറവുണ്ടെന്ന് അന്ന് മനസ്സിലായി. ആ കയറ്റം ഒരു മോഹമായി ഉള്ളിലെന്നും... എന്നെങ്കിലും ഒരിക്കൽ ഞാൻ കയറും ഇതിനേക്കാൾ ഉയരത്തിൽ... തിരിച്ച് യാത്ര  ഹോട്ടലിലേക്ക്. എല്ലാവരും ഒന്നു മയങ്ങി യാത്രയിൽ .ഭക്ഷണം കഴിച്ച് ഫ്രഷ് ആയി ഡൽഹിയിലേക്ക് യാത്ര തിരിച്ചു .ഐവിയുടെ പ്രധാന ഭാഗം ഇവിടെ അവസാനിക്കുന്നു... സ്വപ്ന ലോകത്തിനു  വിട...!
            നീണ്ട ഒരു യാത്ര... അതു കഴിഞ്ഞ് ഏകദേശം രാവിലെ പത്തര കഴിഞ്ഞിട്ടുണ്ടാവണം ഞങ്ങൾ ഡൽഹിയിലെത്തുമ്പോൾ. എല്ലാവരും കുറച്ചൊന്നു ക്ഷണിച്ചിരുന്നു. ഏതോ ഇടുങ്ങിയ വഴിയിലൂടെ ഒക്കെ നടന്നു അവസാനം ഹോട്ടൽ ഡീസന്റിൽ എത്തി.  ഫ്രഷായി നേരെപോയത് കുത്തബ്മിനാറിലേക്ക് ആയിരുന്നു. ഫ്രീസറിൽ നിന്നെടുത്ത തീ കായാൻ വച്ച ഫീലിംഗ് ആയിരുന്നു അവിടെ.  ഷെഡ്യൂൾ ആകെ ഒന്നു ടൈറ്റായി. ഡൽഹിയിൽ  ആകെ കുത്തബ്മിനാർ മാത്രമേ കാണാൻ പറ്റിയുള്ളൂ. ഉച്ചക്ക് ശേഷം ഐ.എസ്.ആർ.ഒയിലെ ഏർത്ത് സ്റ്റേഷനിൽ ഐ.വി. ഐവി വിളിച്ച് ശരിയാക്കിയത് അർഷാദ് ആയിരുന്നു. ഒരു ഷഹാന മാഡത്തെയാണ് അവൻ വിളിച്ചിരുന്നതെന്നും അറിയാം. അവിടെ ചെന്നപ്പോൾ കുറേ ആന്റിനകൾ അവിടെയും ഇവിടെയുമൊക്കെയായി നിരന്നുകിടക്കുന്നു. iv തുടങ്ങുന്നതിനുമുമ്പേ അവിടെയുള്ള  സ്റ്റാഫുകൾ വന്നു ഭൂരിഭാഗവും സ്ത്രീകളായിരുന്നു എല്ലാവരും കളർഫുൾ and ബ്യൂട്ടിഫുൾ... അതിൽ പൂജ എന്ന പേരുള്ള ഒരു ചേച്ചി ഉണ്ടായിരുന്നു. എന്തൊരു ക്യൂട്ടാ...! നോക്കി അങ്ങു നിന്നു പോയി... ബോയ്സ് എങ്ങനാ വായനോക്കണേന്ന് അന്ന് അവിടെ നിന്ന് മനസ്സിലായി. Ca  ബാൻസും Cu ബാൻഡും k ബാൻഡും ആയിരുന്നു അവിടെനിന്ന് കിട്ടിയ ഓർമ്മകൾ. അതുകഴിഞ്ഞ് പാർലമെൻറ്, സുപ്രീംകോടതി ഒക്കെ പുറമേ നിന്നും കണ്ടു. രാത്രിയിലെ ചാന്ദ്നി ചൗക്കിലെ ഷോപ്പിംഗ് ആയിരുന്നു മറ്റൊരു രസം! സ്ഥിരം ഗ്രൂപ്പ് തന്നെ ആയിരുന്നു.. ചെങ്കോട്ടയ്ക്കു മുന്നിലൂടെ വേണം കടന്നുപോകാൻ. മുന്നോട്ടുള്ള വഴിയിൽ  വന്മതിൽ പോലെ ഉയർന്നു നിന്ന ചെങ്കോട്ടയുടെ രാത്രിദൃശ്യം   മറക്കാൻ പറ്റില്ല! അതിനു ഭംഗി കൂട്ടാൻ രാത്രിയുടെ തനതായ മൂകതയും, ആകാശത്ത് തെളിഞ്ഞു ഞളിഞ്ഞു നിന്ന പൂർണ ചന്ദ്രനും ...ഏതോ പുരാണ നാടകത്തിന്റെ സ്റ്റേജിലെത്തിയ ഫീലിംഗ് ആയിരുന്നു! ഞാൻ എന്നത്തേയും പോലെ കോൺസൻട്രേറ്റഡോൺ ഫുഡ്. ഒരു നോർത്തിന്ത്യൻ സമൂസ വാങ്ങി ഞാനും മിഥുനും കഴിച്ചു.കൊള്ളാം എനിക്കിഷ്ടായി.ഞങ്ങളായിരുന്നു ആദ്യം ഷോപ്പിംഗ് ചെയ്ത് തിരിച്ചെത്തിയവർ. എട്ടരയ്ക്ക് എത്തണമെന്ന് പറഞ്ഞതാണ് 9 മണി കഴിഞ്ഞിട്ടും ആരും എത്തിയില്ല. ഒപ്പം വന്ന നിർമ്മല ടീച്ചറും ശരത് സാറും ജയൻ സാറും നല്ല ഷോപ്പിങ് ആയിരുന്നു .ദീപ്തിയും ചേച്ചിയും പിന്നെ പറയേണ്ട. ചേച്ചിയുടെ മാത്രം ഒരു നാലഞ്ചു കവർ ഉണ്ടായിരിക്കും. അന്ന് ബസ്സിലെ കേസർ ഭയ്യായെ പരിചയപ്പെട്ടു. ഹൃദ്യമായ ഒരു ചിരിയാണ്, പരിചയം തോന്നുന്ന ഒന്ന്.
    വീണ്ടും യാത്ര ആഗ്രയിലേക്ക്. ആ യാത്രയിൽ ഇടയ്ക്ക് എപ്പോഴോ മയങ്ങി പോയി ,ബസ്സിലെ ബഹളം കേട്ടാണ് ഒന്നുണർന്നു നോക്കിയത്. അപ്പോൾ തന്നെ അനന്ദു പറഞ്ഞു മിണ്ടണ്ട, കിടന്നോന്ന്... നോക്കിയപ്പോ കണ്ട കാഴ്ച... ഹോ! ദീപ്തീടേം ശ്രുതീടേം ഒക്കെ മുഖത്ത് കരി വാരി തേച്ചിരിക്കുന്നു. ഗ്രീഷ്മയും റോസുമൊക്കെയുണ്ട്.ഇതിപ്പോ എനിക്ക് മാത്രം വട്ടായതാണോ അതോ ഇവർക്കെല്ലാം വട്ടായാതാണോ എന്തോ...! എന്നേം കാവ്യയേം അനന്ദു രക്ഷിച്ചൂന്ന് പറഞ്ഞാൽ മതി. ദീപ്തിയുടെ ദിവസമായിരുന്നു അന്ന്. ഇത്തവണത്തെ മികച്ച എൻറർടെയ്നർ അവളായിരുന്നു. പിന്നെ അന്ന് ഉറങ്ങാൻ തോന്നിയില്ല. ഞാനും ശ്രുതിയും റോസും മീരയും ഗ്രീഷ്മയും വട്ടും ഒക്കെ കൂടി അന്ന് ഒരു പാട് നേരം സംസാരിച്ചു.ഐ വി തീരാൻ പോകുന്നതിലെ സങ്കടം, കുറച്ച് മാസം കഴിഞ്ഞ് ക്ലാസ്സ് തീരുമെന്ന യാഥാർത്ഥ്യം... ഇതൊക്കെ പറയുമ്പോൾ ഗ്രീഷ്മയുടെ ഒരു 'രവീ' വിളിയ്ണ്ട്... ഉള്ളിലാണ് തട്ടുക... ഒരു പത്തു വർഷം ഒക്കെ കഴിയുമ്പോൾ ഞങ്ങളൊക്കെ എവിടെയായിരിക്കും... വട്ടൊക്കെ അപ്പോഴും സെൽഫി എടുത്ത് ഫോട്ടോ എടുത്ത് നടക്കുന്നുണ്ടാകും എന്ന് ഞങ്ങൾ പറഞ്ഞു ഞങ്ങൾ ചിരിച്ചു... കറക്ട് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ...' മനസ്സിനു മറയില്ലാ...'ന്റമ്മോ... ആ നിമിഷങ്ങളൊക്കെ നിധിയാണ്. ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ... ഒന്നാം വർഷം തൊട്ടുള്ള ഓർമ്മകൾ. ആദ്യം പരസ്പരം കണ്ടത് തൊട്ട് തുടങ്ങി ,  റാഗിങ് അമളികൾ, ഓണാഘോഷങ്ങൾ, ക്രിസ്മസ്... അങ്ങനെ നീണ്ടുപോയി . എല്ലാവർക്കും ഉണ്ടായിരുന്നു എന്തെങ്കിലുമൊക്കെ പറയാൻ. ഇനിയെന്തൊക്കെ മിസ്സ് ചെയ്യും എന്നുള്ളതിന്റെ കണക്കെടുപ്പ് ആയിരുന്നു സത്യത്തിൽ അന്ന് രാത്രി! ആഗ്രയിൽ എത്തുന്നതുവരെ ഈ കഥപറച്ചിൽ തുടർന്നുകൊണ്ടിരുന്നു. ആ രാത്രി തീർന്നില്ലെങ്കിലോ എന്നാശിച്ചു... ഹൃദയത്തിൽ എഴുതിയ നിമിഷങ്ങൾ!

            ഐ വിയുടെ അഞ്ചാം ദിവസം, അതായത് അവസാന ദിവസമായിരുന്നു ആഗ്രയിൽ . സമയക്കുറവുമൂലം താജ്മഹൽ കാണാൻ മാത്രമേ നിർവാഹമുള്ളൂ... ഏഴര കഴിയുമ്പോഴേക്ക് എല്ലാവരും ഇറങ്ങി.നല്ല ക്യൂവായിരുന്നു എൻട്രിയുടെ അവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ വേറെ ക്യൂ. സ്പെഷ്യൽ പാസുള്ളവർക്ക് വേറെയും. അതിലാണ് കുറെ വിദേശികളെ കാണാൻ പറ്റിയത്, കുറെ സുന്ദരി അമ്മൂമ്മമാർ ഉണ്ടായിരുന്നു, പിന്നെ കുറച്ച് ചെറുപ്പക്കാർ, കൊറിയക്കാരാണെന്ന് തോന്നുന്നു. അവരു വ്യത്യസ്തമായി സാരിയൊക്കെ ഉടുത്താണ് വന്നത്.പൊട്ടൊക്കെ തൊട്ട് കാണാൻ നല്ല ചന്തമായിരുന്നു. ക്യൂവിലങ്ങനെ ഞങ്ങൾ പെൺപിള്ളേരു കത്തിവച്ച് നിന്നോണ്ടിരിക്കുമ്പോഴാണ് ഒരു പശു ഞങ്ങളുടെ ഇടയിലോട്ട് കയറി വരുന്നത്! ആരുടെയോ ഭാഗ്യത്തിന് അപ്പോൾ സെൽഫി എടുക്കുന്നുണ്ടായിരുന്നില്ല. അല്ലേൽ കോമഡി ആയേനേ! എന്റെ പിന്നിൽ നിന്നിരുന്ന കിർണ എങ്ങനെ മുന്നിലെ തൂണിന്റെ സൈഡിലെത്തിയെന്ന് ഒരു പിടിയുമില്ല! അതൊക്കെ കഴിഞ്ഞ്, ക്യൂവിലെ ഡെൻമാർക്ക്കാരോട് മുറി ഇംഗ്ലീഷും പറഞ്ഞ്, താജിന്റെ ഉള്ളിലെത്തി. താജ് മഹൽ! കാണേണ്ട കാഴ്ചയാണ്.കേട്ടതിനേക്കാൾ, ഫോട്ടോകളിൽ കണ്ടതിനേക്കാൾ ഒരു പാട് സൗന്ദര്യമുണ്ട് താജിന്. എന്റെ കണ്ണുകൾ തിരഞ്ഞത് ആ പ്രണയസൗധത്തിലെത്തിയ, അതിന്റെ ഫീലോടെ നടക്കുന്ന കമിതാക്കളെയാണ്. അങ്ങനെ ഒരു കാഴ്ച്ചയേ എനിക്ക് കിട്ടിയുള്ളൂ. ഒരപ്പൂപ്പനും അമ്മൂമ്മയും... ഇന്ത്യാക്കാരല്ലെന്ന് തോന്നുന്നു. അവരങ്ങനെ കൈകോർത്ത് പിടിച്ച്, താജിലോട്ടുള്ള പാതയിൽ നടക്കുന്നു... അതായിരുന്നു അവിടുത്തെ ബെസ്റ്റ് മൊമൻറ്. പിന്നെ ഫോട്ടോ ഷൂട്ട് തുടങ്ങി.അനന്ദുവിന്റെ സ്പെഷ്യൽ ക്ലിക്ക് ഉണ്ടായിരുന്നു, എനിക്കും പൂജയ്ക്കും കാവ്യക്കും... അതെടുത്ത രീതി പ്രത്യേകം സ്മരിക്കട്ടെ!
  ഉച്ചക്കുള്ള ട്രെയിനിൽ ആഗ്ര സ്റ്റേഷനിൽനിന്നും മടക്കം... എല്ലാം തീരുകയാണ് .ഒരുകെട്ട് ഓർമ്മകളുണ്ട്... അതിങ്ങനെ അഴിച്ചെടുക്കാൻ ആവാത്ത വിധം മനസ്സിൽ കുരുങ്ങി കിടക്കും... മനസ്സിന്റെ കെട്ടഴിഞ്ഞു പോകുന്ന ചില നിമിഷങ്ങളിൽ അതെടുത്ത് ഓർത്തോർത്ത് ചിരിക്കണം..!
      തിരിച്ചുള്ള യാത്രയിൽ ഓരോരുത്തർക്കും വെവ്വേറെ ബോഗിയാണ് കിട്ടിയത് അതുകൊണ്ട് കുറേപ്പേരെ മിസ്സ് ചെയ്തു പക്ഷേ രാത്രിയിലെ ഉറക്കമായിരുന്നു രസമായത് ഒരു ബെഡിൽ രണ്ട് പേർ വെച്ച് ഞങ്ങൾ എല്ലാ പെൺപിള്ളേരും ഞാനും ശ്രുതിയും ആയിരുന്നു ജോടികൾ .എനിക്കൊരു ടെഡിബിയറെ കെട്ടിപ്പിടിച്ചുറങ്ങുന്ന പോലെയായിരുന്നു. സത്യം പറഞ്ഞാൽ ഓരോ അഡ്ജസ്റ്റ്മെൻറുകളും ഞങ്ങളെ എല്ലാവരെയും ഒരു പാട് അടുപ്പിച്ചു. യാത്രയിൽ പറഞ്ഞു തീർക്കാൻ ഞങ്ങൾക്ക് ഒരു പാട് കഥകൾ ഉണ്ടായിരുന്നു. മനസ്സു തുറന്ന് എന്തൊക്കെയോ.. ഞങ്ങളെല്ലാവരും എത്രത്തോളം അടുത്തെന്ന് മനസ്സിലായത് അപ്പോഴൊക്കെയാണ്. ഇനി എല്ലാം കഴിയുകയാണല്ലോ എന്നൊരാളാണ് അപ്പോഴും.
     സ്റ്റേഷനിൽ നിന്ന് എല്ലാവരും യാത്ര പറഞ്ഞ് പോയപ്പോ കണ്ണാക്കെ നിറഞ്ഞ് വരികയായിരുന്നു. അതെങ്ങാനും കണ്ടിരുന്നെങ്കിൽ കളിയാക്കി കൊന്നേനെ! ഈ ട്രിപ്പ് ഇത്രേം ഭംഗി ആയതിനു പിന്നിൽ ഓടി നടന്ന എല്ലാവർക്കും ഒരു നൂറു നന്ദിയുണ്ട്. ടൂർ കോർഡിനേറ്റർ അനന്ദു, മങ്കാത്തയെന്ന അശ്വിൻ, കൂടെ വന്ന ടീച്ചേർസ്... എല്ലാറ്റിലുമുപരി ഒപ്പമുണ്ടായ നാൽപതു പേർക്കും ഒരായിരം ഇഷ്ടം.. ഉള്ളിൽ സങ്കടവും സന്തോഷവും ഒക്കെ കൂടെ ചേർന്ന് ഒരു വികാരാന്തോളനം...! ഇത്രേം യാത്ര ചെയ്തതിന്റെ ഒരു നുള്ള് ക്ഷീണം പോലും ഉള്ളിലില്ല... കാരണം മനസ്സ് നിറയെ സൗഹൃദം നിറച്ച ലഹരിയാണ്.... അതിന്റെ കെട്ടഴിയാൻ ഇത്തിരി പാടാ....!Love you Terror Ec...! 

Comments

Post a Comment

Popular posts from this blog

നിമിഷങ്ങൾ ...

Starting again!

A warm welcome from a fan and a chance to express grattitude