ഹൃദയത്തിലെഴുതിയ നിമിഷങ്ങൾ! # journe-list

 ഓരോ യാത്രകളും നമുക്ക് എന്താണ് കാത്തുവച്ചിരിക്കുന്നതെന്ന് പറയാനാകില്ല... ഒരുപുതിയ'എൻട്രി'എപ്പോൾവേണമെങ്കിലുംപ്രതീക്ഷിക്കാം.അത്തരമൊരു കണക്കുകൂട്ടലുകളും ഇല്ലാത്ത എൻട്രി ആയിരുന്നു പ്രീത ചേച്ചിയുടേത്..!
    ഷൊർണ്ണൂർ സ്റ്റേഷനിൽ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്റെ ചൂളം വിളിക്കായി കാത്തിരുന്ന എനിക്ക് അമ്മയുടെ കർശന നിർദ്ദേശങ്ങൾ കിട്ടിക്കൊണ്ടിരുന്നു. 'മോളേ... ശ്രദ്ധിച്ചോണം, ഒറ്റക്കാ... ആരും തരുന്നതൊന്നും വാങ്ങരുത്... കഴിക്കരുത്... സ്വൽപ്പം വൈകിയുള്ള യാത്ര ആയതിനലാണ്... അമ്മേടെ ഹൃദയം ചട പ ടാ മിടിക്കുന്നത് ആ ഫോൺ വിളീലുണ്ടാവും. അങ്ങനെ എന്തൊക്കെയോ ആലോചിച്ച് ( അതിന് പഞ്ഞമില്ലാലോ!) എവിടേക്കോ നോക്കി ഇരിക്കുമ്പോഴാണ് രണ്ട് സ്ത്രീകൾ അവിടേക്ക് വരുന്നത്. പിന്നെ അവരുടെ സംസാരം കേട്ടിരിക്കലായി, എന്തെങ്കിലുമൊക്കെ ശ്രദ്ധിക്കണല്ലോ ... കുറച്ച് നേരം കഴിഞ്ഞപ്പോൾ ട്രെയിൻ സമയം പാലിച്ചു... വന്നപാടെ ഓടിക്കയറി സെറ്റായപ്പോ ഞങ്ങൾക്കൊക്കെ കിട്ടിയത് ഒരേ സീറ്റ്! അവരു തമ്മിൽ നാട്ടുകാര്യോം വീട്ടുകാര്യവുമൊക്കെ പറഞ്ഞു കൊണ്ടിരുന്നു. ഇതിനിടയിൽ ബോറടിച്ചിരുന്ന എനിക്ക് ഒരനുഗ്രഹം പോലെയാണ് ഒരു പുസ്തക വിൽപ്പനക്കാരൻ വരുന്നത്. ഇതിപ്പോ ഏത് ബുക്കെടുക്കണമെന്ന് തിരഞ്ഞോണ്ടിരിക്കുമ്പഴാണ് പ്രീത ചേച്ചി ആദ്യമായി സംസാരിച്ചത് . 'ആരാച്ചാർ എടുത്തോളൂ... കെ.ആർ മീരയുടെ നോവലാണ്.. വില ഇച്ചിരി കൂടുതലാണ്, അത് നമുക്ക് ശരിയാക്കാം...' കളങ്കമില്ലാത്ത ചിരിയിലൂടെ അവർ പറഞ്ഞു.കാണേണ്ട വരല്ലേലും കണ്ടല്ലേ തീരൂ..! ആരാച്ചാറിലും കെ.ആർ മീരയിലും തുടങ്ങിയതാണ്, പിന്നീടത് ബഷീറായി , മാധവിക്കുട്ടിയായി... തൃശ്ശൂരിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ചേച്ചിയും കുടുംബവും എനിക്ക് പരിചിതമായി. അപ്പോഴാണ് അവരുടെ കുടുംബത്തിലെ ശിവാനിയെ കുറിച്ച് ഞാൻ അറിയുന്നത്.ശിവാനിയെന്ന ഡയാന ലിസി !
  മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കുറച്ചു കാലം മുന്നേയുള്ള പതിപ്പിൽ നമ്മളിത് വായിച്ചിട്ടുണ്ടാവും. ഡയാന ലിസി എന്ന ചെരുപ്പുകുത്തി. അച്ഛന്റെ മരണശേഷം കേരളക്കരയിൽ ഒറ്റപ്പെട്ടു പോയ മറുനാട്ടുകാരി. തന്റെ കുടുംബമൊപ്പമുണ്ടായിരുന്നപ്പോൾ അവൾ ശിവാനിയായിരുന്നു. ആരുമില്ലാതായപ്പോൾ ഡയാനയായി. സ്വന്തമായൊരു കിടപ്പാടം പോലുമില്ലാത്ത അവർ തെരുവിന്റെ ക്രൗര്യങ്ങളിൽ നിന്നും സ്വയം രക്ഷിക്കാൻ പാടുപ്പെട്ടു. കിട്ടുന്ന പണത്തിൽ ഭൂരിഭാഗവും പേരാമ്പ്രയിലെ ഒരു അനാഥാലയത്തിൽ കൊടുക്കാറാണ് പതിവ്... അതുകൊണ്ട് തന്നെ അവിടെ എല്ലാവർക്കും അവരെ ഇഷ്ടമാണ്. ഒന്നുമില്ലാത്തതിന്റെ വേദന അറിയുന്നതു കൊണ്ടാവാം ഇത്. സ്വന്തമായിട്ടൊരു കൂരയില്ല, എങ്കിലും ആർക്കൊക്കെയോ തണലാകുന്നു ! ഇത് ഡയാനയുടെ കഥ, ഇനി പ്രീത ചേച്ചിയുടേത്...
ഒരു ഹാപ്പി ഫാമിലി... കമ്മ്യൂണിസ്റ്റ്കാരനായ ഭർത്താവ്, ഒരു കുഞ്ഞു മോള്... ഇങ്ങനങ്ങ് പോകുമ്പോഴാണ് ഡയാനയുടെ കഥ പ്രീത ചേച്ചി അറിയുന്നതും അവരുടെ ഉറക്കമില്ലാ രാത്രികളുടെ ഉറവിടമായതും. ഡയാന ലിസിയുടെ നന്മ അവർക്ക് പ്രീതയെന്ന സ്നേഹത്തെയാണ് കാത്തു വച്ചത് .ആ അനുജത്തിയെ വീട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച ദിനരാത്രങ്ങൾ! ഫോൺ കോളുകൾ ! അനുജത്തിയെന്ന വിളിയിൽ എപ്പോഴോ അവർക്കിടയിൽ രൂപപ്പെട്ട ആത്മബന്ധം... എല്ലാ എതിർപ്പുകൾക്കുമവസാനം കൊയിലാണ്ടിയിലെ വീട്ടിൽ അവരെത്തി. ആ കുഞ്ഞു കുടുംബത്തിൽ അതിഥിയായല്ല, അനുജത്തിയായി... അവരിവിടെ ശിവാനി മോളാണ്... ജീവിതത്തിന്റെ നെരിപ്പോടിൽ തനിക്ക് നഷ്ടപ്പെട്ട അച്ഛനമ്മമാരായി ഇവിടെ പ്രീത ചേച്ചിയും ഭർത്താവും, അവരിലൊരാളായി ,ശിവാനിയായി അവർ അവിടെ...'എനിക്കിവിടെ തോന്നുമ്പോൾ മുറ്റമടിച്ച് വാരാം, അലമാര തുറക്കാം, തുണിയടുക്കി വെക്കാം.. ഇതെന്റെ വീടാണ്...(ഡയാന ലിസിയുടെ വാക്കുകൾ ഞാൻ വായിച്ചെടുത്തേത്).
 എന്റെ അടുത്തിരുന്ന വ്യക്തി എനിക്കു സമ്മാനിച്ച സുന്ദരമായ നിമിഷങ്ങൾ... നേരം പോയതറിഞ്ഞില്ല, മനസ്സിന്റെ പൊള്ളത്തര മോ ജാഡയോ അല്ല, നിറഞ്ഞു നിൽക്കുന്ന സ്നേഹം മാത്രം... വാക്കുകളിലെയും  ചിന്തകളിലേയും ആത്മവിശ്വാസം മനസ്സിൽ തീർത്തത് വല്ലാത്തൊരു അനുഭൂതി ആയിരുന്നു. നമ്മളാരും ഒരു പക്ഷേ ലോകമറിയുന്ന മഹാന്മാരാവില്ലായിരിക്കാം, പക്ഷേ സ്വയം തൃപ്തിപ്പെടാൻ ഒരവസം നമുക്കായി കാത്തിരിക്കുന്നുണ്ടാവും... അതിനു ഹൃദയത്തിന്റെ വിളി കേൾക്കണമെന്ന് മാത്രം. പ്രീത ചേച്ചിയും ശിവാനി ചേച്ചിയുമൊക്കെ ആ വിളി കേട്ടവരാണ്.
 ഇവരൊക്കെ ഉള്ളപ്പോൾ ഇവിടം സുന്ദരമാണ്... ഈ നാട് നന്നാകുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല.കേട്ടു വരുന്ന വാർത്തകളൊക്കെയും അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി. നമ്മളു സ്വയം ശ്രദ്ധിച്ചാൽ നമുക്കും നല്ലത്, ചുറ്റിലുള്ളോർക്കും നല്ലത്... പക്ഷേ ശിവാനിചേച്ചിയെ പോലെ, പ്രീത ചേച്ചിയെ പോലെ നമുക്കും ഒരു പൂന്തോട്ടം പണിയാം. അല്ലേൽ ചെറു തടമെങ്കിലും എടുക്കാം, അത് ചിലപ്പോ പലരേയും ഇവിടെ പിടിച്ചു നിർത്തും. ഇവിടെ മനുഷ്യന്മാരുണ്ടെന്ന് വിളിച്ചോതും...
   കൊയിലാണ്ടി എത്തുന്നത് വരെ ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു... അവസാനം യാത്ര പറയുമ്പോൾ കണ്ണു ചിമ്മി, പുഞ്ചിരി നൽകി, റ്റാ റ്റാ പറഞ്ഞ ചേച്ചിയെ പിന്നീടങ്ങോട്ടുള്ള ഓരോ ട്രെയിൻ യാത്രകളിലും ഞാൻ തിരഞ്ഞുകൊണ്ടിരുന്നു... ഒരു പക്ഷേ ആ മാലാഖ വീണ്ടും വന്നിറങ്ങിയാലോ..!

Comments

Post a Comment

Popular posts from this blog

നിമിഷങ്ങൾ ...

Starting again!

A warm welcome from a fan and a chance to express grattitude